Monday, August 9, 2010

കാത്തിരിപ്പ്

അവൾ വരുവാനുളള സമയമായി.അവളുടെ ശബ്ദം ശ്രവിക്കുന്നതിനായി അവൻ കാതോർത്തിരുന്നു.അവന്റെ മിഴികൾ അവളുടെ ആഗമനം കൊതിച്ചു.അടുത്തുണ്ടായിരുന്ന ബൈക്കിന്റെ കണ്ണാടിയിൽ അവൻ തന്റെ മുഖം നോക്കി.ചീപ്പെടുത്ത് മുടി ചീകി.കർച്ചീഫെടുത്ത് മുഖം തുടച്ചു.ഇതെല്ലാം മതി അവളെ വരവേൽക്കാൻ.

മാനം കാർമേഘങ്ങളാൽ ആവരണം ചെയ്തു.ആദിത്യൻ തന്റെ സ്വർണ്ണക്കിരണങ്ങളെ അവയ്ക്കുളളിൽ മറച്ചു.അവൻ ചുറ്റുപാടും കണ്ണോടിച്ചു.ആ പരിസരത്തെങ്ങും ആരുമില്ല.തിരമാലകൾ തത്തിക്കളിക്കുന്ന ആ കടലോരത്ത് അവനും അവന്റെ സ്വപ്നങ്ങളും അവൾക്കു വേണ്ടി കാത്തിരുന്നു.

അവൻ ഓർത്തു. അന്നാണ് മഴ തുടങ്ങിയത്.പതിവു പോലെ അവരുടെ കടലോരത്തെ ലക്ഷ്യമിട്ടുളള ആ യാത്രയിലാണ് ഒരു ലോറിയുടെ രൂപത്തിൽ കാലൻ അവനിൽ നിന്നും അവളുടെ ജീവനെ കവർന്നെടുത്തത്.പിന്നീടുളള എല്ലാകാല വർഷങ്ങളുടെയും തുടക്കത്തിൽ അവൻ അവളുടെ സാന്നിദ്ധ്യമറിഞ്ഞു.

ഈ മൂന്ന് വർഷത്തിനിടക്ക് ഒരു തവണപോലും അവളിത്ര വൈകിയിട്ടില്ല.ഹൃദയമിടിപ്പുകൾ അവന്റെ കാതുകളെ അലോസരപ്പെടുത്തി.പ്രതീക്ഷയോടെ മാനത്തേക്ക് നോക്കുന്ന വേഴാമ്പലിനെ പോലെ അവൻ നോക്കി.ആ നോട്ടം ആവർത്തിച്ചു.അതു വഴി വന്ന കടൽക്കാറ്റിൽ നേരിയ നനവ് അവൻ തിരിച്ചറിഞ്ഞു.സന്തോഷം കൊണ്ട് അവന്റെ മുഖം പൂ പോലെ വിടർന്നു.മഴത്തുളളികൾ കൂട്ടത്തോടെ തിമിർത്തു പെയ്യാൻ തുടങ്ങി.മനസ്സ് അവനോട് മന്ത്രിച്ചു.മഴയെ ഇഷ്ട്ടപ്പെട്ടിരുന്ന അവളിതാ മഴയായി വന്നിരിക്കുന്നു.

മഴത്തുളളികൾ അവന്റെ കാതിൽ അവളുടേതായ കളഭാഷണമൊഴിഞ്ഞു.ലഹരി പിടിച്ചവനെ പോലെ അവൻ ആ മായാലോകത്ത് അലഞ്ഞു നടന്നു.നിമിഷങ്ങൾ എണ്ണികൊണ്ടുളള ആ കാത്തിരിപ്പിന് ഒടുക്കമായി.അവൾ പോകുവാനുളള സമയമായി.ഓരോ തുളളികളായി അവൾ വിട വാങ്ങി.അവന്റെ പ്രാണേശ്വരിയെ കടൽ ആർത്തിയോടെ വിഴുങ്ങി.വീണ്ടും അവൻ കാത്തിരുന്നു അടുത്ത വർഷത്തിലെ ആ ദിവസത്തിനു വേണ്ടി.
(എന്നേക്കുമുളള ഒരോർമ്മ കഥാസമാഹാരം)

6 comments:

  1. കാത്തിരിപ്പ് ഒരു വിങ്ങലാണു ഒരിക്കലും വരില്ലന്ന് അറിയുമെങ്കിലും വെറുതേ ഒരു പ്രതീക്ഷ

    ReplyDelete
  2. മഴക്കു മീതെ വേനല്‍ത്തുടിപ്പ്.

    ReplyDelete
  3. ഓര്‍മകളുടെ മഴ ..

    ആശംസകള്‍

    ReplyDelete
  4. ആശംസകള്‍
    എന്തിനു ഈ word verification?

    ReplyDelete